ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ 2021 ന് തുടക്കം മേളയില്‍ മലയാളചിത്രം 'ബിരിയാണി'
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ 2021 (എന്‍വൈഎഫ്എഫ്) ന് തുടക്കമായി. കോവിഡ് പ്രതിസന്ധികാരണം വെര്‍ച്വല്‍ ഫോര്‍മാറ്റിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ നാലിന് തുടങ്ങിയ മേള 13 ന് സമാപിക്കും.ഇന്ത്യയിലെ കോവിഡ് സാഹചര്യം വളരെ ദു:ഖകരമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനകളുണ്ടെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ അസീം ചബ്ര പറഞ്ഞു. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്രേക്ഷകര്‍ക്ക് നല്‍കിയ വാദ്ഗാനം കണക്കിലെടുത്ത് ഫിലിം ഫെസ്റ്റിവല്‍ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2020 നും 2021 നും ഇടയിലിറങ്ങിയ ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമകളാണ് അവതരിപ്പിക്കുന്നതെന്നും അസീം ചബ്ര പറഞ്ഞു.
മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, സത്യജിത് റേ എന്നിവരുടെ ജന്മവാര്‍ഷികം കണക്കിലെടുത്ത് ഈ മൂന്ന് മഹ്തവ്യക്തികളെക്കുറിച്ചുമുള്ള ഡോക്യുമെന്ററികള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററികള്‍, ഷോര്‍ട്ട്ഫിലിംസ് എന്നിവ ഉള്‍പ്പെടുന്ന 51 ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അസമീസ്, ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, കശ്മീര്‍, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങിയ ഭാഷകളിലുള്ള ചിത്രങ്ങളാണിവ.
വെയര്‍ ഈസ് പിങ്കി എന്ന കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് മേള ആരംഭിച്ചത്. അജിത്പാല്‍ സിങ്ങിന്റെ ഫയര്‍ ഇന്‍ ദി മൗണ്ടെയ്ന്‍സാണ് സമാപന ചിത്രം. ബിരിയാണി (മലയാളം), ബ്ലൂ ബേര്‍ഡ് (കന്നഡ), ഫസ്റ്റ് നൈറ്റ്‌സ് (തമിഴ്), ഫ്രെഡിയുടെ പിയാനോ (ഇംഗ്ലീഷ്), ഗോഡ് ഓണ്‍ ദി ബാല്‍ക്കണി (ആസാമീസ്), മെയില്‍ (തെലുങ്ക്), പാര്‍സല്‍ (ബംഗാളി), ടോക്കിംഗ് ഹെഡ് (ഇംഗ്ലീഷ്, ബംഗാളി), ദ മ്യൂസിക് ഓഫ് സത്യജിത്‌റേ (ഇംഗ്ലീഷ്, ബംഗാളി)തുടങ്ങിയവയാണ് മേളയിലെ പ്രധാനചിത്രങ്ങള്‍.
-----------------------------